Sunday, May 07, 2006

തൊഴിലും അസൂയയും


നമ്മുടെ തൊഴിലിനെക്കുറിച്ചു ചിന്തിച്ചാല്‍ അടിസ്ഥാനപരമായി അസൂയയാണ് അതിന്റെ അവലംബമെന്നു കാണാം; വെറും ഒരു ജീവനോപായം മാത്രമല്ല അത്. സമുദായത്തിന്റെ ഘടന അതിനെ നിരന്തരമായ സംഘര്‍ഷത്തിന്റെ, നിരന്തരമായ പരിണാമത്തിന്റെ മണ്ഡലമാക്കിമാറ്റിയിരിക്കുന്നു. ലോഭവും അസൂയയുമാണ്‍ അതിന്റെ അടിത്തറ. മേലധികാരിയോട് നിങ്ങള്‍ക്ക് അസൂയ തോന്നുന്നു. ഗുമസ്തന്‍ മാനേജരാകാന്‍ കൊതിക്കുന്നു. അതിന്നര്‍ത്ഥം ജീവിക്കാനുള്ള വക നേടുക എന്നതു മാത്രമല്ല അയാളുടെ ലക്ഷ്യം എന്നാണ്‍. അയാള്‍ക്ക് സ്ഥാനമാനങ്ങള്‍ വേണം. ഈ മനോഭാവം, സ്വാഭാവികമായും, സമുദായത്തില്‍, പരസ്പരബന്ധത്തില്‍ കുഴപ്പം വരുത്തി വയ്ക്കുന്നു. ഉപജീവന മാര്‍ഗ്ഗം തേടുന്നതില്‍ മാത്രമാണ്‍ നമ്മുടെ താല്പര്യമെങ്കില്‍, അതിന്‍ അസൂയയില്‍ അധിഷ്ഠിതമല്ലാത്ത ന്യായമായ ഒരു മാര്‍ഗ്ഗം കണ്ടെത്തണം. പസര്‍പരബന്ധത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും വിനാശകരമായ ഘടകങ്ങളില്‍ ഒന്നാണ്‍ അസൂയ.


ജീവിതപ്രശ്നങ്ങള്‍, ജെ. കൃഷ്ണമൂര്‍ത്തി

Saturday, April 29, 2006

ഭാരതീയ ദര്‍ശനങ്ങള്‍

ഭാരതീയ ദര്‍ശനങ്ങള്‍ നിരവധിയുണ്ട്. എങ്കിലും ആസ്തിക ദര്‍ശനങ്ങള്‍, നാസ്തിക ദര്‍ശനങ്ങള്‍ എന്നീ രണ്ടു വിഭാഗങ്ങളാണ് പ്രധാനമായും ഉള്ളത്.

ആസ്തിക ദര്‍ശനങ്ങള്‍: ഈശ്വരനും പരലോകവും മരണാനന്തരജീവിതവും ഉണ്ടെന്ന് വിശ്വസിക്കുന്ന ദര്‍ശനങ്ങളാണ് ആസ്തിക ദര്‍ശനങ്ങള്‍. ഇവ വേദത്തെ പ്രമാണമായി അംഗീകരിക്കുന്നു.

സാംഖ്യം, യോഗം, ന്യായം, വൈശേഷികം, മീമാംസ, വേദാന്തം എന്നിവയാണ് ആസ്തികദര്‍ശനങ്ങള്‍. ഇവയെ ഷ്ഡ്ദര്‍ശനങ്ങള്‍ എന്നും പറയുന്നു.

നാസ്തികദര്‍ശനങ്ങള്‍: ഈശ്വരന്‍, പരലോകം, മരണാനന്തരജീവിതം മുതലായവ ഉണ്ടെന്ന് വിശ്വസിക്കാത്ത ദര്‍ശനങ്ങളാണ് നാസ്തിക ദര്‍ശനങ്ങള്‍.

ചര്‍വ്വാകം, ജൈനം, ബൌദ്ധം എന്നിവയാണ് നാസ്തിക ദര്‍ശനങ്ങള്‍.

ദര്‍ശനങ്ങളും അവയുടെ ഉപജ്ഞാതാക്കളും

സാംഖ്യം: കപിലമുനി
യോഗം: പതഞ്ജലി മുനി
ന്യായം: ഗൌതമന്‍
വൈശേഷികം: കണാ‍ദന്‍
മീമാംസ: ജൈമിനി മഹര്‍ഷി
വേദാന്തം: വ്യാസന്‍
ചാര്‍വ്വാ‍കം: ബൃഹസ്പതി
ബൌദ്ധം: ബുദ്ധന്‍
ജൈനം: ജൈനന്‍

വിവരങ്ങള്‍ക്ക് കടപ്പാട്: ഉപനിഷത് കഥകള്‍, സ്വാമി ധര്‍മ്മാനന്ദസരസ്വതി